Sun. Nov 17th, 2024
ചെന്നൈ:

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ തമിഴ്നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് കുതിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത 40 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം. കഴിഞ്ഞ ജനുവരി വരെ സംസ്ഥാനത്ത് വൈറസ് കവർന്ന ജീവനുകളില്‍ 2084 പേര്‍ 40 വയസ്സിനു താഴെയുള്ളവരായിരുന്നു.

അതായത് മൊത്തം മരണത്തിന്റെ 18 ശതമാനം. എന്നാല്‍ മേയ് മാസത്തോടെ ഇത് 6063 ആയി. ഈ കാലയളവില്‍ ഡമരിച്ചവരില്‍ 39 ശതമാനം പേരും 40ൽ താഴെ പ്രായമുള്ളവര്‍.

കോശങ്ങളില്‍ ഓക്സിജന്‍ എത്താതിരിക്കുന്ന ഗുരുതര അവസ്ഥയിലേക്കു രോഗികള്‍ പെട്ടെന്നു പോകുന്നുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നു വിശദീകരിക്കാനും കഴിയുന്നില്ല.

തമിഴ്നാട്ടിലെ ഓക്സിജന്‍ ബെഡുകളും വെന്റിലേറ്ററുകളും അതിവേഗം നിറയാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഈ പ്രായത്തിലുള്ളവരില്‍ വൈറസ് ബാധ ഗുരുതരമാകുന്നതാണ്. അതിനിടെ ഗുരുതര രോഗികള്‍ക്കുള്ള റെംഡിസിവിര്‍ മരുന്നും ഓക്സിജന്‍ സിലിണ്ടറുകളും കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെ ഗുണ്ടാ ആക്ടില്‍പെടുത്തി അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉത്തരവിട്ടു. നിലവില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള പത്തിലധികം പേര്‍ക്ക് ഇതോടെ ജാമ്യം കിട്ടാതാവും.

By Divya