Fri. Nov 22nd, 2024
വാഷിംഗ്ടണ്‍:

ഇസ്രാഈലിലേക്ക് റോക്കറ്റാക്രമണം നടത്തരുതെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ബൈഡന്റെ ആവശ്യം.

ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലെ പൗരന്‍മാരുടെ സ്ഥിതി ആശങ്കയുണ്ടാക്കുന്നുവെന്നും പലസ്തീന്‍ പൗരന്‍മാരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായും ബൈഡന്‍ ചര്‍ച്ച നടത്തിയിരുന്നു. ഹമാസില്‍ നിന്നുള്ള ആക്രമണത്തെ ചെറുക്കാന്‍ ഇസ്രാഈലിന് പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും ഗാസയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും ബൈഡന്‍ പറഞ്ഞു.

പലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം പലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് പലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.

By Divya