ജനീവ:
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നിരവധി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണവും മരണങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ വർഷത്തേക്കാളും ഗുരുതരമായിരിക്കും മഹാമാരിയുടെ രണ്ടാം വർഷം. ഇന്ത്യയിലേക്ക് നിരവധി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മാസ്ക്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും നില നിൽക്കുന്നത്. രോഗികളുടെ എണ്ണവും മരണവും രാജ്യത്ത് ഉയർന്ന് തന്നെ നിൽക്കുന്നു. ഇന്ത്യയെ സഹായിക്കാനായി മുന്നോട്ട് വന്ന എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. പല ദിവസങ്ങളിലും നാലായിരത്തോളം മരണവും ഉണ്ടാവുന്നുണ്ട്. രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഫലപ്രദമാവാത്തതും പ്രതിസന്ധി ഗുരുതരമാക്കുന്നുണ്ട്.