തിരുവനന്തപുരം:
മെയ് മാസം കേരളത്തിന് നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. മെയ് മാസത്തിന് ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാണുന്നതിനു സമാനമായ സാഹചര്യം കേരളത്തിലും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
അതുകൊണ്ട്, രോഗവ്യാപനം അതിശക്തമാകുന്ന മെയ് മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ നമുക്ക് മരണങ്ങള്‍ കുറച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ ശക്തമാവുകയാണെങ്കില്‍ കൊവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
അതുപോലെത്തന്നെ മഴക്കാലരോഗങ്ങള്‍ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രയാസകരമാകും. അതുകൊണ്ട്, മഴക്കാല പൂര്‍വ ശൂചീകരണം കൂടുതല്‍ വേഗത്തിലും മികവിലും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീടുകള്‍ക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം.
ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും. ജനങ്ങളുടെ പൂര്‍ണ സഹകരണം ആ ദിവസം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ രോഗം ശക്തമായി വ്യാപിക്കുകയാണ്.
മഹാരാഷ്ട്രയിലും യുപിയിലും 56 ശതമാനം രോഗബാധിതരും ഗ്രാമപ്രദേശങ്ങളിലാണ്. ഛത്തീസ്ഗഢിൽ അത് 89 ശതമാനമാണ്. അതുകൊണ്ട്, നമ്മുടെ സംസ്ഥാനത്തും ഗ്രാമപ്രദേശങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ആദിവാസി മേഖലകളിലും തീരദേശങ്ങളിലും ടെസ്റ്റിങ് കൂടുതലായി ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡാണെന്ന് തന്നെ ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസൊലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറെയോ ആരോഗ്യപ്രവര്‍ത്തകരേയോ അറിയിക്കാനും ടെസ്റ്റ് ചെയ്യാനും എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
വാക്സിനെടുത്ത് കഴിഞ്ഞാലും മാസ്ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാവരും വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങള്‍ എല്ലാവരും തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.