ന്യൂഡൽഹി:
യു എസ് കൊവിഡ് വാക്സിനുകളായ ഫൈസറും മോഡേണയും ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ൻറെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന് നീതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. വിദേശ വാക്സിൻ നിർമാതാക്കളുമായി സർക്കാർ ചർച്ചകൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത് നിർമിക്കുകയോ ചെയ്യാമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഫൈസറും മോഡേണയും സ്വന്തംനിലക്ക് വാക്സിൻ ഇറക്കുമതി നടത്താമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വി കെ പോൾ പറഞ്ഞു.
അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി ചേർന്ന് വാക്സിൻ നിർമാണം നടത്താൻ സന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വാക്സിൻ നിർമാണം നടത്താനുള്ള സാധ്യതകളാണ് ജോൺസൺ & ജോൺസൺ പരിശോധിക്കുന്നത്.
അതേസമയം, രാജ്യത്ത് വാക്സിൻ ക്ഷാമം മാറ്റമില്ലാതെ തുടരുകയാണ്. വാക്സിൻ പ്രതിസന്ധി പരിഹരിക്കാൻ കോവിഷീൽഡ് വാക്സിൻറെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു.