Sat. Jan 18th, 2025
തിരുവനന്തപുരം:

കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ. വൈദ്യുതി, പൊതുമരാമത്ത്, റജിസ്ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. ഇന്ന് തിരുവന്തപുരത്ത് ചേരുന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം സാധ്യതകള്‍ ആരായുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരാനിരിക്കെ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം–സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസിന് ഏതു വകുപ്പ് നൽകുമെന്നതാണ് മുന്നണിക്ക് മുന്നിലെ പുതിയ വെല്ലുവിളി.

രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു. ഇതോടെയാണ് നിര്‍ണായക വകുപ്പ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടു വച്ചത്.

പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്നാല്‍ ചീഫ് വിപ്പ് പദവിക്ക് അപ്പുറം ഒരു വകുപ്പും വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് സിപിഐ. നേരത്തെ നിയമവും ടൂറിസം കൈയിലുണ്ടായിരുന്ന സിപിഐ അതു വിട്ടുനല്‍കിയപ്പോഴാണ് വനംവകുപ്പ് ലഭിച്ചത്.

പി ജെ ജോസഫ് ഇടതുമുന്നണിയിലുണ്ടായിരുന്ന സമയത്ത് വിദ്യാഭ്യാസം, പൊതുമരാമത്ത്, റജിസ്ട്രേഷന്‍ എന്നിവ കേരള കോണ്‍ഗ്രസിനായിരുന്നു. പി ജെ ജോസഫ് വിട്ടുപോയപ്പോള്‍ ആ വകുപ്പുകള്‍ എല്ലാം സിപിഎം തന്നെ എടുക്കുകയായിരുന്നുവെന്നാണ് സിപിഐ വാദം. യുഡിഎഫില്‍ പോലും കേരള കോണ്‍ഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നു.

സിപിഎം ആകട്ടെ ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തദ്ദേശം ഉള്‍പ്പടെയുള്ള ഒരു നിര്‍ണായ വകുപ്പുകളും വിട്ടുനല്‍കാന്‍ തയാറല്ല. പൊതുമരാമത്ത്, വൈദ്യുതി, എന്നീ വകുപ്പകള്‍ക്കൊപ്പം റജിസ്ട്രേഷന്‍ കൂടി വിട്ടുനല്‍കുന്നതിനാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്.

സിപിഎം ഭരിച്ചിരുന്ന വകുപ്പാണെങ്കിലും വൈദ്യുതി വകുപ്പ് നല്‍കുന്നത് തള്ളികളയാനാവില്ലെന്ന് സിപിഎം നേതാക്കള്‍ സൂചന നല്‍കി. വൈദ്യുതി വകുപ്പിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന വൈദ്യുതി ബോര്‍ഡ് ആണെന്നിരക്കെ വകുപ്പ് വിട്ടുനല്‍കുന്നതില്‍ നഷ്ടമില്ലെന്നാണ് സിപിഎം നേതാക്കളുടെ ചിന്ത.

By Divya