Wed. Jan 22nd, 2025
ഓസ്‌ട്രേലിയ:

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താത്ക്കാലിക വിലക്ക് ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ ചാർട്ട് ചെയ്തതനുസരിച്ച് പുനരാരംഭിക്കും.

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന പരിശോധനകൾ നടത്തിയായിരിക്കും യാത്ര. ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഓസ്‌ട്രേലിയയിലെ കൊവിഡിന്റെ മൂന്നാം തരംഗത്തെ തടയാൻ സാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായതോടെ മെയ് 3 മുതലാണ് വിമാനയാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്. അതേസമയം ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി വിമാനം പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആയിരം വെന്റിലേറ്ററുകളും 43 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും കയറ്റി അയച്ചിരുന്നു.

കൊവിഡ് വ്യാപിച്ച് തുടങ്ങിയ ഘട്ടത്തിൽ ഇന്ത്യയിലുള്ള ഇരുപതിനായിരത്തോളം ഓസ്‌ട്രേലിയൻ പൗരന്മാരെ തിരികെ എത്തിച്ചിരുന്നു.

By Divya