Thu. Apr 25th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് മഴയും കടലാക്രമണവും. നാളെയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതീവജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ഇന്ന് രാത്രിയോ നാളെ രാവിലെയോ അറബിക്കടലില്‍ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.  ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ ഇടയുണ്ട്. കേരളതീരത്തിന് വളരെ അടുത്തുകൂടിയാവും ചുഴലിക്കാറ്റിന്‍റെ പാത എന്നാണ് ഇപ്പോഴുള്ള  പ്രവചനം.

ഞായറാഴ്ചവരെ സംസ്ഥാനത്ത് കനത്തമഴക്കും കാറ്റിനും ഇത് ഇടയാക്കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം ഇപ്പോള്‍തന്നെ ശക്തമാണ്.

വരും ദിവസങ്ങള്‍കടലാക്രമണത്തിനും വന്‍തിരമാലകള്‍ക്കും ഇടയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

By Divya