ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ കഷ്ട്ടിച്ച് ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. 121 റേറ്റിംഗ് പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലൻഡിൻറെ രണ്ടാം റാങ്കിനും കോട്ടമില്ല. വെറും ഒരു പോയിൻറ് മാത്രം പിന്നിലാണ് കീവികൾ.
ഓസ്ട്രേലിയയെ പിന്തള്ളി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്നാമതുള്ള ഇംഗ്ലണ്ടിന് 109 ഉം നാലാമൻ ഓസ്ട്രേലിയക്ക് 108 ഉം റേറ്റിംഗ് പോയിൻറാണുള്ളത്. മൂന്ന് പോയിൻറ് ഉയർന്നെങ്കിലും പാകിസ്ഥാൻ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ബംഗ്ലാദേശിനെതിരെ ജയിച്ചതും, ശ്രീലങ്കയോട് സമനില നേടിയതും വെസ്റ്റ് ഇൻഡീസിനെ എട്ടാം സ്ഥാനത്ത് നിന്ന് ആറാമതേക്ക് ഉയർത്തി. ചരിത്രത്തിലെ ഏറ്റവും മോശം ടീം റാങ്കിംഗിന് ഒപ്പമുള്ള ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്താണ്. ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്വെയുമാണ് യഥാക്രമം എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങളിൽ.
നേരത്തെ ഓസ്ട്രേലിയക്കെതിരെയും, ഇംഗ്ലണ്ടിനെതിരെയും നേടിയ പരമ്പര ജയങ്ങളാണ് ഇന്ത്യയുടെ സ്ഥാനം നിലനിർത്താൻ സഹായമായത്. വെസ്റ്റ് ഇൻഡീസിനും പാകിസ്ഥാനുമെതിരെ നേടിയ ജയം ന്യൂസിലൻഡിന് അനുകൂലമായി.