കാസർകോട്:
കർണാടകയിൽനിന്നുള്ള വരവ് നിലച്ചതോടെ കാസർകോട് ജില്ലയിലുണ്ടായ ഓക്സിജൻ പ്രതിസന്ധിക്ക് രണ്ടാം ദിവസവും പരിഹാരമായില്ല. ചൊവ്വാഴ്ച രാവിലെ കണ്ണൂരിൽനിന്ന് ഏതാനും ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചെങ്കിലും വൈകീട്ടോടെ വീണ്ടും പ്രതിസന്ധിയായി. വിഷയത്തിൽ സർക്കാർ തല ഇടപെടലിനാണ് ജില്ല കാത്തിരിക്കുന്നത്.
നായനാർ സഹകരണ ആശുപത്രി ഉൾപ്പെടെ രണ്ട് സ്വകാര്യ ആശുപത്രികളിലാണ് തിങ്കളാഴ്ച ഓക്സിജൻ ക്ഷാമമുണ്ടായത്. ഗുരുതര രോഗികളെ മംഗളൂരുവിലെ ആശുപത്രികളിലേക്ക് മാറ്റി.
ജില്ലയിലെ ഏതാനും ചില സ്വകാര്യ ആശുപത്രികൾ ഒഴികെ എല്ലായിടത്തും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. നഗരത്തിലെ മറ്റൊരു ആശുപത്രിയിൽ ഏതാനും മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണുള്ളത്.വിഷയത്തിൽ സർക്കാർ ഇടപെടൽ കാത്ത് നിയുക്ത എംഎൽഎമാർ എല്ലാവരും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.