Sun. Dec 22nd, 2024
തമിഴ്നാട്:

പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12 ആയി.

പുതുച്ചേരി നിയമസഭയില്‍ നോമിനേറ്റഡ് എംഎല്‍എമാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേത് പോലെ വോട്ടവകാശം ഉണ്ട്. നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് തുല്യമാണ്. മൂന്ന് അംഗങ്ങളെ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് അധികാരം.

ഇത്തവണ ഇത് എല്ലാ എന്‍ഡിഎ ഘടകക്ഷികളും തമ്മില്‍ വീതം വയ്ക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. പക്ഷേ തിങ്കളാഴ്ച ഉണ്ടായ അസാധാരണ നീക്കത്തിലൂടെ മൂന്ന് ബിജെപി പ്രവര്‍ത്തകരെ നോമിനേറ്റഡ് എംഎല്‍എമാരായി പ്രഖ്യാപിച്ച് അര്‍ധരാത്രിയില്‍ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. മുഖ്യമന്ത്രി എന്‍ രംഗ സ്വമി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് നീക്കം ഉണ്ടായത്.

ബിജെപിക്കാരായ വെങ്കിടേഷ്, രാമലിംഗം, അശോക് ബാബു എന്നിവരെയാണ് തിങ്കളാഴ്ച രാത്രി എംഎല്‍എമാരായി നോമിനേറ്റ് ചെയ്തത്. അശോക് ബാബു ഒഴികെയുള്ള രണ്ട് പേരും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നവരാണ്. കഴിഞ്ഞ നിയമസഭയില്‍ ഡിഎംകെ എംഎല്‍എയായിരുന്നു വെങ്കിടേശ്. മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശിവകൊളുന്തുവിന്റെ സഹോദരനാണ് രാമലിംഗം.

തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണിതെന്ന നിലപാടാണിതെന്ന് സഖ്യകക്ഷികളായ എന്‍ആര്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും പരസ്യമായി തന്നെ ആക്ഷേപം ഉന്നയിച്ചു. ഇത്തവണ ആറ് അംഗങ്ങള്‍ ബിജെപിക്ക് പുതുച്ചേരിയില്‍ ഉണ്ട്. ആറ് സ്വതന്ത്രരില്‍ മൂന്ന് പേര്‍ ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മൂന്ന് നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം ഇപ്പോള്‍ 12 ആണ്. എന്‍ആര്‍ കോണ്‍ഗ്രസ് 10, ഡിഎംകെ 6, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ കക്ഷിനില. 33 ആണ് പുതുച്ചേരി നിയമസഭയുടെ അംഗബലം.

By Divya