Thu. Mar 28th, 2024
ന്യൂഡല്‍ഹി:

കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തിന്റെ പേരില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്‌സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുന്നത്. ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല.

കേന്ദ്രനയം അനുസരിച്ചാണ് വാക്‌സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്ലാത്തത്. ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

25 ലക്ഷം ഡോസ് വാക്‌സിന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കമ്പനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് വാക്സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. കര്‍ണാടകയാണ് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്ര വ്യാപനത്തിലെത്തുകയും അതേസമയത്ത് തന്നെ വാക്സിന്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ വാക്സിന്‍ ഇറക്കുമതി ചെയ്യുന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയും സമാനമായ തീരുമാനങ്ങള്‍ പങ്കുവെച്ചിരുന്നു.

By Divya