Wed. Jan 22nd, 2025
ന്യൂഡൽഹി:

ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി ബിജെപിയും ആർഎസ്എസും. നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ കാരണമെന്ന് വിവിധ മേഖലകളിൽനിന്ന് വിമർശനമുയരുന്നുണ്ട്. ഇതിനെതിരെ മൂന്നു ഘട്ടമായുള്ള തന്ത്രങ്ങളാണ് ബിജെപിയും കേന്ദ്ര സർക്കാരും ആർഎസ്എസും ചേർന്നു പദ്ധതിയിടുന്നത്.

കഴിഞ്ഞയാഴ്ച ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ പങ്കെടുത്ത വർക്‌ഷോപ്പ് നടന്നിരുന്നു. കൊവിഡ് സ്ഥിതിയെ നേരിടുന്നതിന് സര്‍ക്കാരെടുത്ത നടപടികള്‍ പൊതുജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുകയായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രി മോദിയുടെ ‘മൻ കി ബാത്തി’നായുള്ള ട്വിറ്റർ അക്കൗണ്ടിലും ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യണമെന്നുള്ള കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

കേന്ദ്രമന്ത്രിമാർ അവരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഓക്സിജൻ എക്സ്പ്രസിന്റെ വരവ്, വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ തുടങ്ങിയവയും പോസ്റ്റു ചെയ്യുന്നു. പാർട്ടി തലത്തിലും വിമർശനങ്ങളെ ശക്തമായി നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിമർശനങ്ങൾക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അക്കമിട്ട് മറുപടി നൽകിയത് ഇതിനൊരുദാഹരണം. നാലു പേജുള്ള കത്തിൽ കേന്ദ്രം പിഎം കെയേഴ്സ് വഴി വെന്റിലേറ്ററുകൾ അനുവദിച്ചത് അടക്കമുള്ള കാര്യങ്ങൾ നഡ്ഡ ചൂണ്ടിക്കാട്ടി.

By Divya