ന്യൂഡല്‍ഹി:
രാജ്യത്തെ ജനങ്ങളോട് നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ‘ആവശ്യമായ ചികിത്സയും ഓക്സിജനും ലഭിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണം. നരേന്ദ്രമോദിക്ക് മാധ്യമ പ്രവർത്തകരെയും പാർലിമെന്റിനെയും ഭയമാണ്. ചികിത്സകളെക്കുറിച്ചും ആശുപത്രികളെ കുറിച്ചും അദ്ദേഹം ഒന്നും സംസാരിക്കില്ല. മറിച്ച് മറ്റു കാര്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കും’. ഒവൈസി പ്രധാനമന്ത്രിക്കെതിരെ ട്വീറ്റിലൂടെ ആഞ്ഞടിച്ചു.
കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ രൂക്ഷമായ ഭാഷയിലാണ് നേരത്തെ ഒവൈസി വിമർശിച്ചത്. ‘ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് മോദിയുടെ വാക്സിൻ നയം. ജിഎസ്ടി ഈടാക്കുന്നത് എന്തിനാണ്. വിദേശരാജ്യങ്ങളിൽ നിർമ്മിക്കുന്ന വാക്‌സിൻ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് എന്തിനാണ് വിമുഖത. രാജ്യത്തിന് ഇപ്പോൾ ആവശ്യം എല്ലാവർക്കും ലഭ്യമാകുന്ന സൗജന്യ വാക്‌സിനേഷൻ ആണെന്നും രജിസ്‌ട്രേഷൻ പ്രക്രിയ എളുപ്പമാക്കി എല്ലാവർക്കും എത്രയും പെട്ടന്ന് വാക്‌സിൻ ലഭ്യമാക്കുന്നതിന് പകരം ജനങ്ങളെ ആശങ്കയിലേക്ക് തള്ളിവിടരുതെന്നും ഒവൈസി ആവശ്യപ്പെട്ടു.