Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

രാജ്യത്ത് 1.5 ലക്ഷം ഡോസ് സ്പുട്‌നിക് v വാക്‌സിന്‍ എത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. വാക്‌സിന്റെ കൂടുതല്‍ ഉത്പാദനത്തിനായി സ്പുട്‌നിക് v വികസിപ്പിച്ച റഷ്യന്‍ ഡൈറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) രാജ്യത്തെ പ്രാദേശിക കമ്പനികളുമായി ചര്‍ച്ച നടത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ ആറ് നിര്‍ദ്ദേശങ്ങളടങ്ങിയ കത്തയച്ചിരുന്നു. ഇതിന് മറുപടി നല്‍കവെയാണ് സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് എത്തിയതായി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്.

രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ പാളിച്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് കൂടുതല്‍ വാക്‌സിന്‍ ഉത്പാദനത്തിനായി റഷ്യ ഇന്ത്യയിലെ പ്രദേശിക കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നത്.

ഇത് നടപ്പാക്കുന്നത് ഒരു പരിധിവരെ വാക്‌സിന്‍ പ്രതിസന്ധി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സ്പുട്നിക്ക് v ക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അടുത്തിടെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്.

ഭാരത് ബയോടെക്കിന്റെ കോവാക്സീനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍.

By Divya