Fri. Mar 29th, 2024
ലഖ്‌നൗ:

ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും വെന്റിലേറ്ററുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുകയാണെന്നും കാണിച്ച് ആദിത്യനാഥിന് കത്തയച്ചു.

നേരത്തെ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഇതിന് വിപരീതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അറിയിച്ച ആശുപത്രിയ്‌ക്കെതിരെ നടപടിയുമുണ്ടായിരുന്നു. അതേസമയം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിക്കുന്നതിന്റെ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ എല്ലാ വാര്‍ത്തകളെയും ആദിത്യനാഥ് പൂര്‍ണ്ണമായും നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദിത്യനാഥിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി രംഗത്തുവന്നിരിക്കുന്നത്. ബറേലിയിലെ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് മറിച്ചു വില്‍ക്കുകയാണെന്നും പറഞ്ഞ സന്തോഷ് ഗംഗാവര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും കുറ്റപ്പെടുത്തി.

By Divya