മുംബൈ:
മഹാനഗരത്തിൽ കൊവിഡ് താണ്ഡവമാടുമ്പോൾ ഹൃദയം കവരുകയാണ് ഒരു അമ്മയും മകനും. മഹാമാരിക്കാലത്ത് വിശക്കുന്നവന് തങ്ങളുടെ റസ്റ്ററന്‍റ് അടുക്കള വഴി ഭക്ഷണം നൽകുകയാണ് ഇരുവരും. ഹീന മാണ്ഡവ്യയും മകൻ ഹർഷ്നെയും മുംബൈക്കാർക്ക് ഇപ്പോൾ സുപരിചിതം.
കൊവിഡ് ആദ്യ വ്യാപനത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിലാണ് ഇരുവരും തങ്ങളുടെ കൊച്ചു അടുക്കള വിശക്കുന്നവർക്കായി തുറന്നത്. രണ്ടാം വ്യാപനത്തിലും തുടർന്നു. സുമനസ്കരായ വോളണ്ടിയർമാരെയും ഒപ്പംകൂട്ടി.
അമ്മയും മകനും വോളണ്ടിയർമാരും ചേർന്ന് പണം സമാഹരിച്ചാണ് ഭക്ഷണത്തിനുള്ള തുക കണ്ടെത്തുന്നത്. പ്രതിദിനം 100 മുതൽ 150 പേർക്ക് ഇവർ വയറും മനസും നിറച്ച് ഭക്ഷണം നൽകും. ലോക്ഡൗൺ കാലത്ത് 22,000 ഊണും 55,000 റൊട്ടിയും 6000 വീട്ടിലുണ്ടായ മധുരപലഹാരങ്ങളും വിതരണം ചെയ്യാൻ കഴിഞ്ഞതായി ഹർഷ് പ്രമുഖ സാമൂഹിക മാധ്യമ പേജായ ഹ്യൂമൻസ് ഓഫ് ബോംബെയോട് പറഞ്ഞു.