ഒമാൻ:
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ലോക്ഡൗണിൽ ഒമാനിലെ സൂഖുകളും വാണിജ്യകേന്ദ്രങ്ങളും നിശ്ചലമായി. പരമ്പരാഗത വാണിജ്യകേന്ദ്രമായ മത്ര സൂഖ് പൂർണമായും അടഞ്ഞുകിടന്നു. ശനിയാഴ്ച ആരംഭിച്ച നിയന്ത്രണം 15 വരെ തുടരും. റമദാനിലെ അവസാനത്തിൽ ആളും ആരവവും നിറഞ്ഞു സജീവമാകേണ്ടിയിരുന്ന മത്ര സൂഖ് ആളനക്കമില്ലാതെ നിശ്ചലമായി.
പെരുന്നാളൊരുക്കങ്ങള്ക്കായി രാവേറെ ചെല്ലുന്നത് വരെ തുറന്നു പ്രവര്ത്തിക്കാറുണ്ടായിരുന്ന സൂഖ് കൊവിഡ് പാശ്ചാത്തലത്തില്‍ സമയ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏതാനും നാളായിട്ടേയുള്ളൂ. ചെറുകിട വ്യാപാരികളും ദിവസ, മാസ വേതനക്കാരുമടങ്ങിയ ഒട്ടനവധി പേരാണ് സൂഖിനെ ആശ്രയിച്ച് ജീവിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ലോക്ഡൗണ്‍ ചുരുങ്ങിയ ദിവസത്തേക്കാണ് എന്നത് ആശ്വാസകരമാണ്. കൊവിഡിൻറ പ്രാരംഭ സമയമായ കഴിഞ്ഞ വര്‍ഷം നീണ്ട അഞ്ചു മാസക്കാലമാണ് സൂഖ് പൂര്‍ണമായും അടഞ്ഞു കിടന്നത്. സന്നദ്ധ സേവന സംഘടനകളും മറ്റും നല്കിയ സഹായ സഹകരണങ്ങളോടെയാണ് മാസങ്ങള്‍ തള്ളിനീക്കിയത്.
കഴിഞ്ഞ വർഷം ഇവിടത്തെ വ്യാപാരികള്‍ക്കും മറ്റ് ജോലിക്കാര്‍ക്കും വിലപ്പെട്ട മൂന്ന് സീസണുകളാണ് നഷ്ടപ്പെട്ടത്. രണ്ടു പെരുന്നാളുകളുംം സ്കൂൾ സീസണും അന്ന് നഷടമായി.