ദോഹ:
വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ ഫലസ്തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ രംഗത്ത്. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഫലസ്തീൻ ജനതക്കും അൽ അഖ്സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രായേൽ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിർത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിെൻറ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യമായിരിക്കുന്നു. ഫലസ്തീൻ വിഷയത്തിൽ ഖത്തറിൻറെ നിലപാടിൽ ഒരു മാറ്റവുമില്ല.
ഫലസ്തീനികളുടെ മതപരമായ അവകാശങ്ങളും 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രവുമുൾപ്പെടെയുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഖത്തറിൻറെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അൽ അഖ്സ പള്ളിയിൽ പ്രാർഥനയിലായിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേലി അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾക്കെതിരെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും രംഗത്തെത്തി.