തിരുവനന്തപുരം:
ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസിൽ മെഴുകുതിരി കൊളുത്തി. തിരുവനന്തപുരം എ കെ ജി സെന്ററിലും ദീപം തെളിയിച്ചു.
എകെജി സെന്ററിൽ ആഘോഷത്തിന് മാറ്റ് കൂട്ടി വെടിക്കെട്ടും ഉണ്ടായിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള, കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ എന്നിവരടക്കം എകെജി സെന്ററിലുണ്ടായിരുന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവനും കുടുംബസമേതം ദീപം തെളിയിച്ചു.
കോടിയേരി ബാലകൃഷ്ണനും കുടുംബവും ദീപം തെളിയിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെയാണ് ഇടതുപ്രവർത്തകരും കുടുംബങ്ങളും വിജയം ആഘോഷിച്ചത്. പൂത്തിരിയും മൺ ചിരാതുകളും മെഴുകുതിരികളും കത്തിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ വിജയാഘോഷം.
കേരളത്തില്‍ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലും ഇടതുപക്ഷ പ്രവർത്തകരായ പ്രവാസികൾ ദീപം തെളിയിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ക്യാപ്റ്റൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ചരിത്ര വിജയം നേടിയത്. ആകെയുള്ള 140 സീറ്റുകളിൽ 99 ഇടത്തും വിജയിച്ച എല്‍ഡിഎഫ് ചരിത്ര മുന്നേറ്റമാണ് നടത്തിയത്.
യുഡിഎഫ് വിജയം 41 സീറ്റുകളിൽ ഒതുങ്ങി. ഉറച്ചവാക്കും നിശ്ചയദാര്‍ഢ്യവുമായിരുന്നു പിണറായി വിജയന്റെ ഉൾക്കരുത്ത്. പാര്‍ട്ടിയും സര്‍ക്കാരും ഇത്രമേൽ ഇഴുകി ചേർന്ന് പ്രവര്‍ത്തിച്ച ഇടത് ഭരണം ഇതിന് മുമ്പ് ഒരു പക്ഷേ കേരളം കണ്ടിട്ടുണ്ടാകില്ല. ഇതിന്റെ റിസൽറ്റ്തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.