Sat. Apr 20th, 2024
ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 
ആലപ്പുഴ:
ആലപ്പുഴ പുന്നപ്രയിലെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കേന്ദ്രമായ ഡോമിസിലറി കോവിഡ് സെന്ററിലെ പ്രാണവായുവിന് വേണ്ടി പിടയുന്ന കോവിഡ് രോഗിയെയും കൊണ്ട് ബൈക്കിന് നടുവിലിരുത്തി രണ്ട് പേർ. അശ്വിൻ കുഞ്ഞുമോനും രേഖയുമാണ് കോവിഡ് രോഗിയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ചത്. ആംബുലൻസ് ഇല്ലാത്തതിനാലാണ് ഇവർ ഇത്തരമൊരു തീരുമാനം എടുത്തത്.
ഹോം ക്വാറന്റീനിൽ ഇരിക്കാൻ പറ്റുന്ന കൊവിഡ് രോഗികൾക്ക് വീട്ടിൽ സൌകര്യമില്ലെങ്കിൽ താമസിക്കാൻ സൌകര്യമൊരുക്കാൻ മാത്രമാണ് ഡൊമിസിലറി കേയർ സെന്റർ. പഞ്ചായത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് അടക്കമാണ് ഇതിന്റെ ചുമതല. ഇവിടെ ഡോക്ടർമാരും ഇല്ലെന്നും ശുചീകരണത്തിന് എത്തിയവരാണ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് മറ്റൊരു കൊവിഡ് രോഗിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ദൃക്സാക്ഷികൾ.
എന്നാൽ സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളുമായി ജില്ലാ കളക്ടറും ഡിഎംഒയും രംഗത്ത് വന്നു. കൊവിഡ് രോഗിക്ക് രോഗം മൂർച്ഛിച്ചപ്പോൾ ആരെയും വിളിച്ചറിയിച്ചില്ലെന്ന് ഡിഎംഒ അനിത കുമാരി വിശദീകരിച്ചപ്പോൾ, പഞ്ചായത്ത് അധികൃതരെ വിളിച്ചുവെന്നും ആംബുലൻസ് എത്തുന്നതിന് മുമ്പ് രോഗിയെ മാറ്റുകയായിരുന്നുവെന്നുമായിരുന്നു ജില്ലാകളക്ടർ അലക്സാണ്ടറിന്റെ വിശദീകരണം.
രാവിലെ രോഗിക്ക് അസ്വസ്ഥതയുണ്ടായപ്പോൾ പഞ്ചായത്ത് അധികൃതരെ വിളിച്ചുവെന്നും ആംബുലൻസ് എത്തുന്നതിന് തൊട്ട് മുമ്പ് രോഗിയെ ബൈക്കിൽ സന്നദ്ധ പ്രവർത്തകർ മാറ്റുകയായിരുന്നുവെന്നും ജില്ലാകളക്ടർ പറഞ്ഞു.