Sun. Dec 22nd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.

പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന നിലപാട് യോഗത്തിൽ എ ഗ്രൂപ് കൈകൊള്ളുമെന്നാണ് സൂചന. ഹൈക്കമാന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നേതൃയോഗം സമിതിയെയും നിയോഗിച്ചേക്കും. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും കെപിസിസി അധ്യക്ഷ സ്ഥാനത്തും പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം.

സംഘടനയുടെ അടിത്തട്ട് മുതൽ സമ്പൂർണ മാറ്റം വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ തിരക്കിട്ട നേതൃമാറ്റം വേണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പൊതുസമ്മതരും കാര്യ ശേഷിയുമുള്ള നേതാക്കളെയാണ് സംഘടനയ്ക്ക് ആവശ്യം. അതിനായി സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. എല്ലാ അഭിപ്രായങ്ങളും ഇന്നത്തെ യോഗത്തിൽ വിലയിരുത്തും.

ഇതിന് ശേഷമായിരിക്കും ഹൈക്കമാന്റ് അന്തിമ തീരുമാനം എടുക്കുക. അതേസമയം തന്നെ ഉന്നംവച്ച് നേതാക്കളിൽ പലരും നടത്തുന്ന പ്രസ്താവനകളിൽ അസ്വസ്ഥനാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻനിര നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് രണ്ടാംനിര നേതാക്കൾ തനിക്കെതിരെ തിരിയുന്നത് എന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ.

By Divya