Mon. Dec 23rd, 2024
തിരുവനന്തപുരം:

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ വാക്ക്പ്പോര് തുടര്‍ന്ന് സിപിഐഎം. ജി സുകുമാരൻ നായർ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്നാണ് സിപിഎം  ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമർശനം.

സര്‍ക്കാറിനെതിരായ അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ പരസ്യപ്രസ്താവനകൾ നടത്തിയെന്നാണ് ലേഖനം കുറ്റപ്പെടുത്തുന്നത്. വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്നും എ വിജയരാഘവന്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിനോട് വിരോധമില്ലെന്നും. തിരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്നുമുള്ള നിലപാടിലായിരുന്നു എന്‍എസ്എസ്.

തിരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം ചിന്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്ത് എത്തിയിരുന്നു.

By Divya