ദോഹ:
കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലേക്ക് മെഡിക്കൽ സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാനകേന്ദ്രമായി ഖത്തർ മാറിയെന്ന് ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ പറഞ്ഞു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായവസ്തുക്കൾ ഖത്തറിൽ സമാഹരിക്കുകയും പിന്നീട് അത് ഇന്ത്യയിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ആഗോള തലത്തിലുള്ള സഹായങ്ങൾ എത്തിക്കാനുള്ള ആഗോള ഹബ്ബായി ഖത്തർ മാറിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ ആകെ 1200 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഖത്തറിൽനിന്ന് ഇന്ത്യയിലേക്കെത്തും.
കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് സഹായം നൽകാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറിൻെറയും നേതൃത്വത്തിലാണ് സഹായങ്ങൾ ഇന്ത്യക്കായി എത്തുന്നത്. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, ഓക്സിജൻ ജനറേറ്റിങ് പ്ലാൻറുകൾ, റാംഡെസിവിർ മരുന്നുകൾ തുടങ്ങിയവയാണ് ഇന്ത്യക്ക് ഈ സാഹചര്യത്തിൽ ആവശ്യമുള്ളവ.