Wed. Jan 22nd, 2025
തിരുവനന്തപുരം:

മന്ത്രിസഭാ രൂപീകരണത്തിനായി ഉഭയകക്ഷി ചർച്ചകളിലേക്ക് ഇടതു മുന്നണി. സിപിഎം സിപിഐ കൂടിയാലോചന ഇന്നു നടന്നേക്കും. മന്ത്രിസഭയിലെ സിപിഎം സിപിഐ പ്രാതിനിധ്യമാണു ചർച്ചയിൽ പ്രധാനമായും നിശ്ചയിക്കാനുള്ളത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഎമ്മിനു 12 പേർ ഉണ്ടായിരുന്നപ്പോൾ സിപിഐക്കു 4 പേരായിരുന്നു. തുടർന്ന് സിപിഎം ഒരു മന്ത്രിയെക്കൂടി ഉൾപ്പെടുത്തിയപ്പോൾ സിപിഐ കാബിനറ്റ് റാങ്കോടെ ചീഫ് വിപ് സ്ഥാനം ഉറപ്പാക്കി.

നിലവിൽ സിപിഎമ്മിനു മാത്രം റെക്കോർഡ് സംഖ്യയായ 67 പേർ ഉള്ളതിനാൽ 13 മന്ത്രിസ്ഥാനത്തിനു വരെ അർഹതയുണ്ടെന്ന അഭിപ്രായം പാർട്ടിക്കുണ്ട്. സിപിഐയുടെ 4 മന്ത്രിസ്ഥാനം തുടരും. എന്നാൽ, ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ് പദവികളിൽ ഒന്ന് വിട്ടുകൊടുക്കേണ്ടി വന്നേക്കാം.

മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച സിപിഎമ്മിന്റെ അവകാശവാദം മനസ്സിലാക്കിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണു സിപിഐ ഉദ്ദേശിക്കുന്നത്. ഏകാംഗ കക്ഷികൾക്കു മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യത കുറവാണെന്ന് ഇരുപാർട്ടികളും സൂചിപ്പിച്ചു. എൽഡിഎഫിനു പുറത്തുളള കോവൂർ കു‍ഞ്ഞുമോൻ അടക്കം 6 പേരെ അങ്ങനെ വന്നാൽ പരിഗണിക്കേണ്ടി വരും.

അതേസമയം, എൽഡിഎഫിലേക്കു തിരിച്ചെത്തിയ ലോക്താന്ത്രിക് ജനതാദൾ അവരുടെ കെപി മോഹനനു മന്ത്രിസ്ഥാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണ തഴയപ്പെട്ട കെ.ബി. ഗണേഷ് കുമാറും ഇത്തവണ അവസരം നൽകണമെന്ന ആവശ്യത്തിലാണ്. മുതിർന്ന നേതാവും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനും ഒരു ടേം കൂടി പ്രതീക്ഷിക്കുന്നു.

തിങ്കളാഴ്ചയോടെ ആദ്യഘട്ട ഉഭയകക്ഷി ചർച്ച പൂർത്തീകരിക്കും. 17 ന് എൽഡിഎഫ് യോഗവും 18 ന് സിപിഎം സംസ്ഥാന കമ്മിറ്റിയും കഴിഞ്ഞാൽ 22 ന് അകം സത്യപ്രതിജ്ഞ നടത്താനുള്ള സാധ്യതയാണുള്ളത്.

By Divya