Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം. അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും.

മരണസംഖ്യയും ഉയരുകയാണ്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കേസില്‍ മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 57, 640 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 920 പേര്‍ മരിച്ചു.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. നാസിക്കില്‍ മാത്രം നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജസ്ഥാനും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിവാഹമടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

കര്‍ണാടകയിലെ ബംഗളൂരുവില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 20000ത്തിന് മുകളില്‍ തുടരുകയാണ്.

By Divya