Wed. Jan 22nd, 2025
മലപ്പുറം:

കൊവിഡ് പോസിറ്റീവായ അധ്യാപികയെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെൻഡ് ചെയ്ത ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റേതാണ് ഉത്തരവ്. താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്.

വേങ്ങര നിയോജക മണ്ഡലത്തിലെ പോളിംഗ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്.
കൊവിഡ് പോസിറ്റീവായ വിവരം മാർച്ച് 24 ന് തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞമാസം രണ്ടിന് കൊവിഡ് നെഗറ്റീവാകുകയും ഒമ്പത് വരെ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു.

എന്നാൽ കൊവിഡ് പോസിറ്റീവാകുന്നത് തിരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാൻ മതിയായ കാരണമല്ലെന്നാണ് റിട്ടേണിംഗ് ഓഫീസർ നൽകിയ മറുപടിയെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. കഴിഞ്ഞമാസം 16 ന് പരാതിക്കാരിയെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സസ്പെൻഷൻ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

By Divya