Thu. Jan 23rd, 2025
കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ

ഒമ്പത് വർഷം മുമ്പ് ഈ ദിവസമാണ് കേരളത്തിലെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ 51 കാരനായ ടി പി ചന്ദ്രശേഖരനെ കോഴിക്കോട് വെട്ടിക്കൊലപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വിട്ട് 2009 ൽ ആർ‌എം‌പി സ്ഥാപിച്ച് മൂന്ന് വർഷത്തിന് ശേഷം ടിപിയെ 51 തവണ വെട്ട് ഏല്പിച്ച് കൊലപ്പെടുത്തി. 2012 മെയ് 4 ന് കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്തിൽ ഒരു സംഘം ടിപിയെ ക്രൂരമായി വെട്ടിക്കൊന്നത് കേരള ജനതയെ ഒട്ടാകെ അതിശയിപ്പിച്ച സംഭവമാണ്. 2014 ൽ  കോടതി മൂന്ന് സിപിഐ അംഗങ്ങൾ ഉൾപ്പെടെ 11 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

ടി പി ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ രാഷ്ട്രീയനിലപാടോടെ എന്നും നിലയുറപ്പിച്ചു കെ കെ രമ. ടി പി കൊല്ലപ്പെട്ട് പിറ്റേന്ന് മുതൽ ഇന്ന് വരെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്ന ആർഎംപിയുടെ നെടുംതൂണുകളിലൊരാളായി കെ കെ രമ തുടർന്നു.

ടിപിയുടെ കൊലപാതകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ എന്തു ചെയ്തു? കേരള കമ്മ്യൂണിസ്റ്റ് ചരിത്രം ഈ കൊലപാതകത്തിന് ശേഷം രണ്ട് ഘട്ടങ്ങളായി വിഭജിക്കപ്പെട്ടു – ടിപിയുടെ കൊലപാതകത്തിന് മുമ്പുള്ള കമ്യൂണിസവും അതിനുശേഷമുള്ളവയും. 

സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു ആ കൊലപാതകമെന്ന ആരോപണം ശക്തമായി ഉയർന്നതോടെ,  പാർട്ടി കടുത്ത പ്രതിരോധത്തിലായി. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെക്കുറിച്ചുയർന്ന ചോദ്യങ്ങൾക്ക് മുതിർന്ന നേതാക്കൾ പോലും അറസ്റ്റിലായതോടെ പാർട്ടി നേതൃത്വത്തിന് മറുപടികളില്ലാതായി.

‘പിണറായി വിജയനൊപ്പം ഞാനും നിയമസഭയിലുണ്ടാകും’ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞാണ് കെ കെ രമ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.  വടകര മണ്ഡലത്തിനൊരു ചരിത്രമുണ്ട്. 1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐയുടെ എം കെ കേളുവിനെ വിജയിപ്പിച്ചതൊഴിച്ചാൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും സോഷ്യലിസ്റ്റുകൾമാത്രം വിജയിച്ച മണ്ണ്. ആ ചരിത്രമാണ് കെ.കെ. രമ തിരുത്തിയത്. അരനൂറ്റാണ്ടിനുശേഷമാണ് സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നല്ലാത്ത ഒരാൾ വടകരയുടെ ജനപ്രതിനിധിയാകുന്നത്. രമ സ്ഥാനാർഥിയായതോടെയാണ് വടകര ശ്രദ്ധാകേന്ദ്രമായത്.  സംസ്ഥാനത്തുടനീളം മികച്ചവിജയം നേടിയിട്ടും വടകരയിൽ ആർ.എം.പി.യോട് പരാജയപ്പെട്ടത് ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.എമ്മിനും വലിയ തിരിച്ചടിയായി.

എല്ലായിടത്തും എൽ.ഡി.എഫ്. അനുകൂലതരംഗമുണ്ടായിട്ടും വടകരയിൽ ഇതുഫലിക്കാതെ പോയതിന്റെ കാരണം കെ.കെ. രമയുടെ സ്ഥാനാർഥിത്വവും ടി.പി. ചന്ദ്രശേഖരൻ വധവുമാണ്. ടി.പി. ചന്ദ്രശേഖരന്റെ ചോരയ്ക്ക് കണക്കുപറയാനാണ് ടി.പി.യുടെ ഭാര്യ രമ വടകരയിൽ മത്സരിക്കുന്നതെന്ന പ്രഖ്യാപിച്ച ആർ.എം.പി പ്രചാരണത്തിലുടനീളം ടി.പി.വധവും അക്രമരാഷ്ട്രീയവും ഉയർത്തിപ്പിടിച്ചു. 

ആദ്യം മത്സരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നെങ്കിലും കോൺഗ്രസിന്‍റെ സമ്മർദ്ദത്തിനൊടുവിലാണ് യുഡിഎഫിന്‍റെ പിന്തുണയോടെ കെ കെ രമ മത്സരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ ആ‌ർഎംപി നേതാവായി മാത്രം മത്സരിച്ച കെ കെ രമയ്ക്ക് ഇത്തവണ ഇവിടെ പ്രധാനപ്പെട്ട പ്രതിപക്ഷമുന്നണി പിന്തുണ നൽകി. വിപ്ലവത്തിന്‍റെ പേരേന്തിയ പാർട്ടി യുഡിഎഫ് പാളയത്തിൽ മത്സരിക്കുന്നതിലെ പൊരുത്തക്കേട് വരെ ഉന്നയിച്ച് എൽഡിഎഫ് രമയെ എതിരിട്ടു. എന്നാൽ പാർട്ടി കുടുംബത്തിൽ നിന്ന് വന്ന, അടിയുറച്ച പാർട്ടിക്കാരനായിരുന്ന മാധവൻ മാഷിന്‍റെ മൂന്ന് പെൺമക്കളിലൊരാൾക്ക് തിരികെ ചോദിക്കാൻ വ്യക്തമായ ചോദ്യങ്ങളുണ്ടായിരുന്നു. പലപ്പോഴും ആ ചോദ്യങ്ങൾക്ക്  മുൻപിൽ ഇടതുപക്ഷത്തിന് ഉത്തരം മുട്ടി. മനയത്ത് ചന്ദ്രനെന്ന ശക്തനായ സോഷ്യലിസ്റ്റ് നേതാവിനെയാണ് രമ ഇവിടെ എതിരിട്ടത്. ശക്തമായ വെല്ലുവിളിയ്ക് ഇടയിലും രമ വിജയം ഉറപ്പിച്ചിരുന്നു.

ഒമ്പതുവർഷം കഴിഞ്ഞിട്ടും ടി.പി. വധം വടകര മറന്നിട്ടില്ലെന്ന് ഉത്തമ ഉദാഹരണം കൂടെയാണ് ഈ വിജയം. ടി പി ചന്ദ്രശേഖരനെ  ഇല്ലാതാക്കിയ മണ്ണില്‍ ഈ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് കെ കെ രമ. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ ജയം ഒരു വലിയ തിരിച്ചടിയാണ് പക്ഷെ ടി പിയുടെ കൊലപാതകം ഇന്നും ജനം മറന്നിട്ടില്ല എന്നതിന്റെ തെളിവ് കുടെയാണിത്. ടി പി വധത്തിന്റെ ഒമ്പതാം വാർഷികത്തിൽ നിയമസഭയിൽ പിണറായിക്ക് ഒപ്പം നേർക്കുനേർ ഇനി രമയും ഉണ്ടായിരിക്കും.