Sat. Nov 23rd, 2024
റിയാദ്:

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് ഇനി നാട്ടില്‍ പോകാനുള്ള റീ എന്‍ട്രി വിസ സ്‌പോണ്‍സര്‍ മുഖേനെയല്ലാതെ സ്വയം നേടാം. ഇതിനുള്ള സംവിധാനം സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ (സൗദി ജവാസത്ത്) ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ നിലവില്‍ വന്നു.

പരിഷ്‌കരിച്ച തൊഴില്‍ സംവിധാനത്തിന്റെ ഭാഗമായുള്ള തൊഴിലാളിയുടെ എക്സിറ്റ് റീ എന്‍ട്രി സ്വന്തമായി കരസ്ഥമാക്കുന്ന സംവിധാനമാണ് അബ്ഷിറില്‍ നിലവില്‍ വന്നത്. ഇതോടെ, വിദേശ തൊഴിലാളികള്‍ക്ക് ഇനി സ്വന്തമായി റീ എന്‍ട്രി കരസ്ഥമാക്കി സൗദിക്ക് പുറത്തേക്ക് പോകാം.

അബ്ഷിറിലെ സ്വന്തം അകൗണ്ടില്‍ നിന്ന് ഇ-സര്‍വ്വീസില്‍ പാസ്‌പോര്‍ട്ട്- വിസ സര്‍വ്വീസിലാണ് ഇത് സ്വന്തമാക്കാന്‍ സ്വാധിക്കുക. ഏതാനും നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. തൊഴിലുടമയ്ക്കും തൊഴിലാളിക്കും അബ്ഷിര്‍, ഇസ്തിഖ്ദാമ് അകൗണ്ടുകള്‍ നിര്‍ബന്ധമാണ്.

തൊഴിലാളിയുടെ പേരില്‍ ട്രാഫിക് ഫൈനുകള്‍ ഉണ്ടാകരുത്. കാലാവധിയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസ നിലവില്‍ ഉണ്ടായിരിക്കരുത്. റീ എന്‍ട്രി വിസ ഇഷ്യു ചെയ്യുന്ന വേളയില്‍ തൊഴിലാളി രാജ്യത്ത് ഉണ്ടായിരിക്കണം. വിസ ഫീസ് അടക്കണം, നിബന്ധനകള്‍ അംഗീകരിക്കണം എന്നിവയാണ് എക്സിറ്റ് റീ എന്‍ട്രി സ്വന്തമായി കരസ്ഥമാക്കാനുള്ള മറ്റു നിബന്ധനകള്‍.

എന്നാല്‍ ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കാന്‍ മുകളില്‍ സൂചിപ്പിച്ച നിബന്ധനകള്‍ക്ക് പുറമെ സ്വന്തം പേരില്‍ വാഹനം ഉണ്ടാകരുതെന്ന നിബന്ധന കൂടി പാലിക്കണം. അബ്ഷിറില്‍ റിക്വസ്റ്റ് നല്‍കിയാല്‍ ഇത് അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോ തൊഴിലുടമയ്ക്ക് 10 ദിവസത്തെ കാലയളവ് ഉണ്ടായിരിക്കും.

തൊഴിലുടമ വിസ അംഗീകരിക്കുകയാണെങ്കില്‍, എക്‌സിറ്റ് റീ-എന്‍ട്രി വിസ അഞ്ച് ദിവസത്തിനുള്ളില്‍ ജീവനക്കാരന് സ്വന്തമാക്കാം. എന്നാല്‍, തൊഴിലുടമ വിസ നിരസിക്കുകയാണെങ്കില്‍, പ്രാഥമിക അഭ്യര്‍ത്ഥന മുതല്‍ 10 ദിവസത്തിനുള്ളില്‍ തൊഴില്‍ മന്ത്രാലയം എതിര്‍പ്പ് അവലോകനം ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യും. 10 ദിവസത്തിനുള്ളില്‍ തൊഴിലുടമ പ്രതികരിക്കുന്നില്ലെങ്കില്‍, അഭ്യര്‍ത്ഥന സ്വീകരിച്ചതായി കണക്കാക്കും. ഇതോടെ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തൊഴിലാളിക്ക് റീ എന്‍ട്രി സ്വന്തമാക്കാം.

By Divya