Fri. Nov 22nd, 2024
ന്യൂഡൽഹി:

കൂടുതൽ കളിക്കാർക്ക്​ കൂടി കൊവിഡ് സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഈ സീസണിലെ ഐപിഎൽ റദ്ദാക്കിയതായി ബിസിസിഐ വൈസ്​ പ്രസിഡന്‍റ്​ രാഹുൽ ശുക്ല അറിയിച്ചു. രണ്ട്​ ദിവസത്തിനിടെ കളിക്കാർക്കും സപ്പോർട്ടിങ്​ സ്റ്റാഫുകൾക്കുമിടയിൽ കൊവിഡ് ബാധ കൂടിയതിന്​ പിന്നാലെയാണ്​ തീരുമാനം. കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക്​ പിന്നാലെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​, ഡൽഹി കാപിറ്റൽസ്​ ക്യാമ്പുകളിലും കൊവിഡ് ബാധ സ്​ഥിരീകരിച്ചു.

ഹൈദരാബാദ്​ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ വൃദ്ധിമാൻ സാഹക്കും ഡൽഹി സ്​പിന്നർ അമിത്​ മിശ്രക്കുമാണ്​ ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ചത്​. ഇതുവരെ 29 മത്സരങ്ങളാണ്​ സീസണിൽ പൂർത്തീകരിച്ചത്​. ഐപിഎൽ ബയോ ബബ്​ളിലുള്ള ​വരുൺ ചക്രവർത്തിക്കും സന്ദീപ്​ വാര്യക്കും കൊവിഡ് സ്​ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്-റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ മത്സരം മാറ്റിവെച്ചിരുന്നു.

ചെന്നൈ ബൗളിങ്​ കോച്ച്​ ലക്ഷ്​മിപതി ബാലാജി, സിഇഒ, ബസ്​ ക്ലീനർ എന്നിവർക്ക്​ കൊവിഡ് സ്​ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്​ഥാൻ മത്സരവും മാറ്റിവെച്ചിരുന്നു.

By Divya