Thu. Jan 23rd, 2025
അബുദാബി:

വാക്സിനെടുത്തവര്‍ക്ക് അബുദാബി എമിറേറ്റില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അംഗീകരിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബാധകമാണ്. മേയ് മൂന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു.

ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് അബുദാബിയില്‍ എത്തുന്നവര്‍ വിമാനത്താവളത്തില്‍ വെച്ച് പിസിആര്‍ പരിശോധന നടത്തുകയും പിന്നീട് ആറാം ദിവസം പരിശോധന ആവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഇവര്‍ക്ക് ക്വാറന്റീന്‍ ബാധകമല്ല.

മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളത്തില്‍ വെച്ച് പിസിആര്‍ പരിശോധന നടത്തണം. ശേഷം അഞ്ച് ദിവസം ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. രാജ്യത്തെത്തി നാലാം ദിവസം പിസിആര്‍ പരിശോധന ആവര്‍ത്തിക്കുകയും വേണം. വാക്സിനെടുത്ത് 28 ദിവസം പൂര്‍ത്തിയായവര്‍ക്കാണ് പുതിയ നിബന്ധന പ്രകാരം ഇളവ് ലഭിക്കണം. വാക്സിനെടുത്ത വിവരം ഇവരുടെ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ വ്യക്തമായിരിക്കണം.

അതേസമയം ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിനെടുക്കാത്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ വെച്ച് പിസിആര്‍ പരിശോധന നടത്തുകയും പിന്നീട് ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പരിശോധന ആവര്‍ത്തിക്കുകയും വേണം. എന്നാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിനെടുക്കാത്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ വെച്ചും പിന്നീട് എട്ടാം ദിവസും പിസിആര്‍ പരിശോധന നടത്തണം. ഒപ്പം 10 ദിവസം ക്വാറന്റീന്‍ പൂര്‍ത്തീകരിക്കുകയും വേണം.

By Divya