Tue. Nov 5th, 2024
കൊല്‍ക്കത്ത:

പശ്ചിമ ബംഗാളില്‍ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

ബംഗാള്‍ കത്തുകയാണെന്നും സംസ്ഥാനത്ത് എത്രയും വേഗം രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റുകളെത്തുന്നത്. #PresidentRuleInBengal, #BengalisBurning എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആകാന്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം വോട്ടെണ്ണലിന് ശേഷം സംസ്ഥാനത്ത് പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങളില്‍ ബംഗാള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കര്‍ പറഞ്ഞു. ഡിജിപിയെ നേരിട്ട് വിളിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു.

മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ 9 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് പറഞ്ഞത്. തൃണമൂലാണ് ഇതിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ ബി ജെ പിയുടെ ആരോപണങ്ങളെല്ലാം തൃണമൂല്‍ നിഷേധിച്ചു. ബിജെപിയും കേന്ദ്ര സേനകളും ജനങ്ങളെ ഉപദ്രവിച്ച സമയത്തും താന്‍ അക്രമത്തിലേക്ക് തിരിയരുതെന്നാണ് ജനങ്ങളോട് ആവശ്യപ്പെട്ടതെന്ന് മമത ബാനര്‍ജി പറഞ്ഞു.

ഇപ്പോഴും എല്ലാവരും സമാധാനപരമായി തുടരണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അക്രമസംഭവങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത ശേഷമേ തനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂവെന്നും പരാതികളുള്ളവര്‍ പൊലീസിനെ സമീപിക്കേണ്ടതാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ ആകെയുള്ള 294 മണ്ഡലങ്ങളില്‍ 214 സീറ്റിലും തൃണമൂലാണ് ജയിച്ചത്. 77 സീറ്റാണ് ബിജെപിയ്ക്ക് നേടാനായത്. എന്നാല്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജി ബിജെപിയുടെ സുവേന്തു അധികാരിയോട് 1200 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.റീകൗണ്ടിംഗ് ആവശ്യപ്പെട്ട് മമത കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്യും.

By Divya