Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്ത്​ പടർന്നുപിടിക്കു​ന്ന വകഭേദം വന്ന കൊറോണ വൈറസും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ്​ മരണനിരക്ക്​ ഉയരാൻ കാരണമാകുന്നതെന്ന്​ എയിംസ്​ തലവൻ രൺദീപ്​ ഗുലേറിയ. രാജ്യത്ത്​ തുടർച്ചയായ ഒമ്പതാം ദിവസവും മൂന്നുലക്ഷത്തിലധികം പേർക്ക്​ കൊവിഡ്​ ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എക്​സ്​പ്രസിനോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്​ത തന്ത്രങ്ങളുപയോഗിച്ചാണ്​ ഞങ്ങളുടെ പ്രവർത്തനം. ഗുരുതരമായ രോഗികളെ ജീവൻ പിടിച്ചുനിർത്താനുള്ള സമയം ദീർഘിപ്പിക്കുകയാണ്​ ആദ്യ ശ്രമം.

ഗുരുതരമായ ഒരു രോഗിയെത്തിയാൽ അവിടെ ഓക്​സിജൻ സൗകര്യം ലഭ്യമല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്​ ശേഷം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഉയർന്ന ഓക്​സിജൻ അളവ്​ നൽകാൻ സാധിക്കുമെങ്കിലും രോഗിക്ക്​ കുറഞ്ഞ അളവിൽ ഓക്​സിജൻ മതിയെങ്കിൽ കുറഞ്ഞ അളവിൽ ഓക്​സിജൻ ലഭ്യമാകുന്നിടത്തേക്കക്ക്​ മാറ്റും.

ആദ്യഘട്ടത്തിൽ വ്യാപനം കുറവായിരുന്നു, എന്നാൽ രണ്ടാംഘട്ടത്തിൽ റോക്കറ്റ്​ പോലെ കുതിച്ചു. അതിനെ നമ്മൾ കൈകാര്യം ചെയ്യണം. ആരോഗ്യ മേഖല പൂർണമായും തകർന്നു. വ്യാപനം ചെറുതായിരുന്നെങ്കിൽ പിടിച്ചുനിർത്താൻ സാധിക്കുമായിരുന്നു. കൊവിഡ്​ കേസുകൾ കുത്തനെ ഉയർന്നതാണ്​ തകർച്ചക്ക്​ കാരണം, അവ കടുത്ത ക്ഷാമവും സൃഷ്​ടിച്ചു- രൺദീപ്​ ഗുലേറിയ പറഞ്ഞു.

രാജ്യത്ത്​ മൂന്നുലക്ഷത്തിലധികംപേർക്കാണ്​ പ്രതിദിനം കൊവിഡ്​ സ്​ഥിരീകരിക്കുന്നത്​. മരണം 2000 കടന്നിരുന്നു. ഓക്​സിജൻ ക്ഷാമവും ആശുപത്രി സൗക​ര്യങ്ങളുടെ അഭാവവു​മാണ്​ മരണനിരക്ക്​ ഉയരാൻ കാരണം. സ്​ഥിതി രൂക്ഷമാണെന്ന്​ നിരവധി വിദഗ്​ധർ വ്യക്തമാക്കിയിരുന്നു.

By Divya