മനാമ:
ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിയതായി ഗള്‍ഫ് എയര്‍. ആറു വയസ്സും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചത്. നേരത്തെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയും കുട്ടികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ ഇളവ് നല്‍കിയതായി അറിയിച്ചിരുന്നു.
കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വിമാന കമ്പനികള്‍ വ്യക്തത വരുത്തിയതോടെ യാത്രക്കാര്‍ക്കുള്ള ആശയക്കുഴപ്പത്തിന് പരിഹാരമായി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഒരു അറിയിപ്പില്‍ ആറ് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിബന്ധന. എന്നാല്‍ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വിമാന കമ്പനികള്‍ മുമ്പ് അറിയിച്ചതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡും ഉണ്ടാകണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ഏപ്രില്‍ 27 മുതലാണ് ഈ നിബന്ധന പ്രാബല്യത്തില്‍ വന്നത്. ഏത് രാജ്യത്തുനിന്നും ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് പിസിആര്‍ പരിശോധനക്ക് വിധേയമാകണം. ബഹ്റൈനിലെത്തി അഞ്ചാം ദിവസവും പത്താം ദിവസും വീണ്ടും പരിശോധനകള്‍ നടത്തണം. ഇവയുടെ ചെലവുകള്‍ യാത്ര ചെയ്യുന്നയാള്‍ തന്നെ വഹിക്കുകയും വേണം.