കുവൈത്ത് സിറ്റി:
ജൂൺ അവസാനത്തോടെ കുവൈത്ത് 20 ലക്ഷം പേർക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടാകുമെന്ന് വിലയിരുത്തൽ. സമീപ ദിവസങ്ങളിൽ റെക്കോഡ് നിരക്കിലാണ് കുത്തിവെപ്പ് ദൗത്യം മുന്നേറുന്നത്. 12 ലക്ഷത്തോളം പേർക്ക് ഇതിനകം വാക്സിൻ നൽകി. 44 ലക്ഷത്തിൽ താഴെയാണ് ഇപ്പോൾ കുവൈത്ത് ജനസംഖ്യ. ഇതിൽ കുട്ടികളും ഉൾപ്പെടും.
കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല. അലർജി, മാരകരോഗങ്ങൾ ഉള്ളവർ തുടങ്ങിയവരെയും ഒഴിവാക്കുന്നു. ബാക്കി 27 ലക്ഷത്തോളം പേർക്കാണ് വാക്സിൻ നൽകേണ്ടിവരുക എന്നാണ് വിലയിരുത്തൽ. രജിസ്റ്റർ ചെയ്തവരുടെ കുത്തിവെപ്പ് പൂർത്തിയാക്കാൻ സെപ്റ്റംബറിനു മുമ്പ് കഴിയും.
എല്ലാ ആഴ്ചയും ഫൈസർ വാക്സിൻ ഷിപ്മെൻറ് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ ക്ഷാമം അനുഭവപ്പെടുന്നില്ല. ഓക്സ്ഫഡ് ആസ്ട്രസെനക്ക വാക്സിൻ ഇതുവരെ രണ്ട് ബാച്ച് മാത്രമേ എത്തിയിട്ടുള്ളൂ. മൂന്നാമത്തെ ബാച്ച് മേയിൽ എത്തുമെന്നാണ് കരുതുന്നത്.
അതിനിടെ രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ ഇടവേള മാറ്റണോ എന്ന കാര്യത്തിൽ അധികൃതർ പഠനം നടത്തുന്നു.