Fri. Apr 26th, 2024
ഹരിപ്പാട്​:

ഇരട്ടവോട്ടുകൾ തടയാൻ തിരഞ്ഞെടുപ്പ്​ കമ്മീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്​തമല്ലെന്ന്​ പ്ര​തിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തിരഞ്ഞെടുപ്പ്​ കമ്മീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈക്കോടതി വിധിയും ഇത്​ തടയാൻ പര്യാപ്​തമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു.

ഇരട്ടവോട്ട്​ തടയാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. രാഷ്​ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ജാഗ്രതകാണിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ വിജയം കള്ളവോട്ടിന്‍റെ ബലത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. കള്ളപ്പണം ഉപയോഗിച്ച്​ ജനവിധി അട്ടിമറിക്കാനാണ്​ ഇടതുപക്ഷത്തിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മാണ്​ വ്യാജ വോട്ടർമാരെ തിരുകി കയറ്റിയത്​. സർവീസ്​ സംഘടനകളുടെ സഹാ​യത്തോടെയാണ്​ ഇത്​ ചെയ്​തത്​. കള്ളവോട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി​ വേണം. ആഴക്കടൽ മത്സ്യബന്ധന കരാർ ഇന്ന്​ തന്നെ റദ്ദാക്കണം. ഇതുവരെ കരാർ റദ്ദാക്കിയിട്ടില്ല. കെഎസ്​ഐഡിസിയുടെ കുറിപ്പ്​ മാത്രമാണ്​.

ഇതുമായി ബന്ധപ്പെട്ട്​ ഉത്തരവ്​ പുറത്ത്​ ഇറക്കണം. എന്നാൽ, മാത്രമേ മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാൻ കഴിയുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഭീരുവായതിനാലാണ്​ ബോംബ്​ പൊട്ടുമെന്ന്​ പറയുന്നത്​. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ഒരു വൻകിട വികസന പദ്ധതിയും സർക്കാർ നടപ്പിലാക്കിയിട്ടില്ല.

വ്യജ വോട്ടുകളുടെ വിവരം പ്രസിദ്ധീകരിച്ച വെബ്​സൈറ്റിൽ 10 ലക്ഷം ഹിറ്റുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.

By Divya