ഹരിപ്പാട്:
ഇരട്ടവോട്ടുകൾ തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈക്കോടതി വിധിയും ഇത് തടയാൻ പര്യാപ്തമല്ലെന്ന് ചെന്നിത്തല പറഞ്ഞു.
ഇരട്ടവോട്ട് തടയാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. രാഷ്ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ജാഗ്രതകാണിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ വിജയം കള്ളവോട്ടിന്‍റെ ബലത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. കള്ളപ്പണം ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാനാണ് ഇടതുപക്ഷത്തിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മാണ് വ്യാജ വോട്ടർമാരെ തിരുകി കയറ്റിയത്. സർവീസ് സംഘടനകളുടെ സഹായത്തോടെയാണ് ഇത് ചെയ്തത്. കള്ളവോട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ആഴക്കടൽ മത്സ്യബന്ധന കരാർ ഇന്ന് തന്നെ റദ്ദാക്കണം. ഇതുവരെ കരാർ റദ്ദാക്കിയിട്ടില്ല. കെഎസ്ഐഡിസിയുടെ കുറിപ്പ് മാത്രമാണ്.
ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്ത് ഇറക്കണം. എന്നാൽ, മാത്രമേ മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാൻ കഴിയുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഭീരുവായതിനാലാണ് ബോംബ് പൊട്ടുമെന്ന് പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു വൻകിട വികസന പദ്ധതിയും സർക്കാർ നടപ്പിലാക്കിയിട്ടില്ല.
വ്യജ വോട്ടുകളുടെ വിവരം പ്രസിദ്ധീകരിച്ച വെബ്സൈറ്റിൽ 10 ലക്ഷം ഹിറ്റുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.