Wed. Jan 22nd, 2025
udf workers attack kothamangalam ldf candidate

കോതമംഗലം:

പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചു. പൊതുപര്യടനത്തിനിടെ പ്രചാരണ വാഹനത്തില്‍ കോണ്‍ഗ്രസ് കൊടിയുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാത്രി ഒമ്പതിനായിരുന്നു ആക്രമണം.

മുനിസിപ്പൽ ഈസ്‌റ്റിൽ‌ പര്യടനത്തിന്റെ സമാപന സമ്മേളന നഗരിയായ ടിബി കുന്നിലേക്ക്‌ പോകുംവഴി മാർ ബേസിൽ സ്‌കൂളിനുമുന്നിൽ ആയിരുന്നു സംഭവം. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കൊടിയുമായെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റവും ഉന്തു തള്ളും ഉണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെയും ആക്രമിക്കുകയായിരുന്നു.ആന്റണി ജോണിന്റെ ഷർട്ട്‌ വലിച്ചുകീറി. താടിയിൽ പിടിച്ച്‌ വാഹനത്തിൽനിന്ന്‌ തള്ളി താഴെയിടാനും ശ്രമിച്ചു.

യുഡിഎഫിനുവേണ്ടി ഉമ്മൻചാണ്ടിയും ശശി തരൂരും മാർ ബേസിൽ സ്‌കൂൾ ഗ്രൗണ്ടിൽ പ്രചാരണത്തിന്‌ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ്‌ വേദിയിൽ ഗാനമേള നടക്കുമ്പോഴാണ്‌ റോഡിലൂടെ പോയ ആന്റണിയുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്‌. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ആൻ്റണി ജോണിൻ്റെ ജനപിന്തുണയിൽ വിളറി പൂണ്ടവരുടെ ഗുണ്ടായിസമാണ് പ്രകടമായതെന്ന് എല്‍ഡിഎഫ് തുറന്നടിച്ചു.  മാർ ബേസിൽ ഗ്രൗണ്ടിലെ പന്തലിൽ നിന്നും ഒട്ടേറെ മാറി മതിലിനു പുറത്ത് കൂടിയുള്ള പബ്ലിക്‌ റോഡിലൂടെയാണ് സ്വീകരണ സ്ഥലത്തേക്ക് വാഹനങ്ങൾ പോയത്. യാതൊരു പ്രകോപനവുമില്ലാതെ ഒരു പറ്റം യു ഡി എഫ് പ്രവർത്തകരായവർ വാഹനം തടഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും എല്‍ഡിഎഫ് ആരോപിച്ചു.

https://www.youtube.com/watch?v=ijgab8DCckU

 

By Binsha Das

Digital Journalist at Woke Malayalam