Fri. Nov 22nd, 2024
തിരുവനന്തപുരം:

ശബരിമല വിഷയം മഹിളാ ഫെഡറേഷനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിൻ്റെ പ്രശ്‌നമല്ല ലിംഗ സമത്വത്തിൻ്റെ പ്രശ്‌നമാണെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആനി രാജ. വിശ്വാസത്തിന്‍റെ പേരില്‍ യുഡിഎഫിനോ എന്‍ഡിഎക്കോ വോട്ട് ചെയ്യാന്‍ കേരളത്തിലെ സ്ത്രീകള്‍ വിഡ്ഢികളല്ല. ഹിന്ദുത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമല്ല. ബിജെപിക്കൊപ്പം തന്നെയാണെന്നും ആനി രാജ പറഞ്ഞു.

വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തിൽ സിപിഐയും തിരുത്തേണ്ടതെന്നും അവർ പറഞ്ഞു. സ്ത്രീകള്‍ക്ക് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഫെയര്‍ ഷെയര്‍ നല്‍കിയില്ല. വനിതാ മുഖ്യമന്ത്രിക്ക് സാധ്യതയില്ലാഞ്ഞിട്ടല്ല.

പുരുഷനേക്കാള്‍ എത്രയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അംഗീകരിക്കപ്പെടുന്നില്ല. വനിതാ മുഖ്യമന്ത്രിക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആനിരാജ പറഞ്ഞു. ജാതി ഉച്ചനീചത്വങ്ങള്‍ നില്‍ക്കുന്ന രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന സുപ്രീം കോടതി പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്.

ബലാത്സംഗത്തിലെ ഇരയോട് പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന ജഡ്ജിയുടെ ചോദ്യം ജൂഡീഷ്യറിയിലും മനുവാദത്തിന്റെ കടന്നുകയറ്റമായേ കാണാനാകൂ എന്നും ആനിരാജ പറഞ്ഞു.

By Divya