Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് ഡി രാജ. ശബരിമല എൻഎസ്എസ് എന്തിനാണ് ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്ന് ചോദിച്ച ഡി രാജ, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തിൽ മതവും വിശ്വാസവും കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും പറഞ്ഞു.

കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണം ഉണ്ടാകുമെന്ന് ഡി രാജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മികച്ച പ്രകടനമാണ് ഇടതുസർക്കാർ കാഴ്ചവച്ചതെന്നും ഡി രാജ പറഞ്ഞു. അതേസമയം, ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി പിന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനെ കുറിച്ചും ഡി രാജ പ്രതികരിച്ചു. ബിജെപി സ്ഥാനാർത്ഥി രക്തസാക്ഷി സ്മാരകത്തിൽ കയറിയത് ലജ്ജാകരമാണെന്നായിരുന്നു രാജയുടെ പ്രതികരണം.

പുന്നപ്ര വയലാർ സമരത്തിൽ ആർഎസ്എസിനോ, ജനസംഘത്തിനോ പങ്കില്ലെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തിയ നടപടി ലജ്ജാകരമാണെന്നും ഡി രാജ പറഞ്ഞു. സ്വന്തം നടപടികളിൽ ബിജെപി ലജ്ജിക്കണമെന്നും ഇടതുപക്ഷത്തെ ചോദ്യംചെയ്യാൻ ബിജെപിക്ക് ധാർമിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya