പത്തനംതിട്ട:
പത്തനംതിട്ടയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും. യുഡിഎഫില്‍ റാന്നിയിലും ആറന്മുളയിലും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രതിഷേധം ശക്തമാവുമ്പോള്‍ ആറന്മുള സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് ബിജെപിയില്‍ തര്‍ക്കം.
ചുവരെഴുത്തുകളും പോസ്റ്ററുകളുമായി പ്രവര്‍ത്തകരും സജീവമാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനന്തമായി നീളുന്നതിനാല്‍ യുഡിഎഫ് ക്യാമ്പില്‍ ആശയ കുഴപ്പങ്ങളും പടയൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള റിങ്കു ചെറിയാനെതിരെയാണ് റാന്നിയില്‍ പടയൊരുക്കം.
എതിര്‍പ്പുകള്‍ പ്രത്യക്ഷമായി പ്രകടിപ്പിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കള്‍. തുടര്‍ച്ചയായി എഗ്രൂപ്പുകാര്‍ മത്സരിക്കുന്ന ആറമുള മണ്ഡലത്തില്‍ ഐ ഗ്രൂപ്പുകാരനായ പഴകുളം മധു സ്ഥാനാര്‍ത്ഥിയായേക്കും എന്ന സൂചനയെ തുടര്‍ന്നാണ് പടയൊരുക്കം. എന്നാല്‍ ജില്ലയില്‍ ഇത്തരത്തില്‍ ഒരു പോരിനും സാധ്യത ഇല്ലെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ ആശയകുഴപ്പങ്ങള്‍ മാറുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ബിജെപിയിലാകട്ടെ ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ഓര്‍ത്തഡോക്‌സ് സഭാംഗം ബിജു മാത്യുവിനെതിരെ മണ്ഡലം കമ്മിറ്റികള്‍ രംഗത്തെത്തി. ആറന്മുള പോലെയുള്ള എ ക്ലാസ് മണ്ഡലത്തില്‍ ജനപ്രിയനായ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നാണ് അവരുടെ ആവശ്യം.