മലക്കംമറിഞ്ഞ് സുരേന്ദ്രന്‍, ‘ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ല’

ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വത്ത്വം അതൃപ്തി രേഖപ്പെടുത്തി. ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് സുരേന്ദ്രൻ തിടുക്കം കാട്ടിയെന്നാണ് വിമര്‍ശനം

0
57
Reading Time: < 1 minute

തിരുവനന്തപുരം:

മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം.  ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് സുരേന്ദ്രൻ തിടുക്കം കാട്ടിയെന്നാണ് വിമര്‍ശനം. പ്രഖ്യാപനത്തിന് മുൻപ് ആലോചന നടന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്തും ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നായിരുന്നു സംസ്ഥാന നേതാക്കൾ അറിയിച്ചത്.

പക്ഷേ, ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സുരേന്ദ്രന്‍ തന്നെ മലക്കം മറിയുകയാണ്.  ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ പറയുന്നു. ഈ  വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നാണ് ഇപ്പോള്‍ സുരേന്ദ്രന്‍ പറയുന്നത്.

ശ്രീധരനായിരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് വിജയയാത്രക്കിടെ തിരുവല്ലയിൽ വെച്ചായിരുന്നു സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്.

 

Advertisement