Mon. Dec 23rd, 2024
അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില
കൊച്ചി:

ഇന്ധനവില വർധന ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ അടുക്കളയ്ക്കും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ വർധിച്ച് 826 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമാക്കി. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയും. സാധാരണക്കാരെയും ഹോട്ടൽ ഉടമകളെയും ഒരു പോലെ ബാധിക്കുന്നതാണീ വിലക്കയറ്റം. കോവിഡ്  മഹാമാരിയിൽ നിന്നും പൂർണമായും മോചനം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ധന വിലയും ഇപ്പോൾ പാചകവാതക വിലയും ജനങ്ങളെ ഒരു പോലെ ബുദ്ധിമുട്ടിക്കുന്നു.

ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 50 രൂപയുടെ വർധനവാണ് വരുത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. എന്നാൽ ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും കേരളം സർക്കാരും ജനങ്ങളെ ഒരു പോലെ ദുരിതത്തിലേയ്ക് തള്ളി വിട്ടിരിക്കുകയാണ്.

ലോക്ഡൗണ്‍ തൊട്ടുള്ള ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളില്‍ കൂടിയത് 238 രൂപ. രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത വര്‍ധനവാണിത്. അസം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍  നികുതിയിളവ് നല്കിയിട്ടുണ്ട്. ഇതു മാതൃകയാക്കാന്‍  മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും മടിക്കുന്നു എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടത്.

ഫെബ്രുവരി 25 ന് പാചക വാതകത്തിന്റെ വില 25 രൂപ കൂട്ടിയിരുന്നു. നേരത്തെ ഫെബ്രുവരി 4, ഫെബ്രുവരി 14 തീയതികളിലും വില വർധിപ്പിച്ചു. ഡിസംബറിൽ എൽപിജി സിലിണ്ടറിന്റെ വില രണ്ടുതവണ വർദ്ധിപ്പിച്ചു.ഡിസംബർ ഒന്നിന് അതിന്റെ നിരക്ക് 594 രൂപയിൽ നിന്ന് 644 രൂപയായി ഉയർത്തുകയും ഡിസംബർ 15 ന് വീണ്ടും 694 രൂപയായി ഉയർത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളിൽ 100 ​​രൂപ വർദ്ധിപ്പിച്ചു. എന്നാൽ ജനുവരിയിൽ വില വർധനവുണ്ടായില്ല. ജനുവരിയിൽ സബ്സിഡിയില്ലാത്ത എൽപിജിയുടെ (14.2കിലോ ) വില 694 രൂപയായിരുന്നു.

ഇത്തരത്തിൽ തുടർച്ചയായി വില കൂടുന്നത് മൂലം വീട്ടിലെ അടുക്കള എന്ന പോലെ വാണിജ്യാവശ്യത്തിനായി പാചകവാതകം മേടിക്കുന്നവരും ബുദ്ധിമുട്ടിലാണ്. ആഹാര സാധനങ്ങൾക്ക് വില കൂട്ടാൻ സാധിക്കില്ല ആയതിനാൽ ചിലവ് അധികമാണ് എന്നാണ് ഇവരുടെ പരാതി. ഒരു വര്‍ഷമായി മുടങ്ങിയ ഗാര്‍ഹിക പാചകവാതക സബ്‌സിഡി കേന്ദ്രം ഇതുവരെ പുനഃസ്ഥാപിച്ചില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടിയത് ഹോട്ടല്‍ വ്യവസായത്തിനും മറ്റും തിരിച്ചടിയായി.

പാചക വാതക-ഇന്ധന വില വർധനവിൽ  പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌  അസോസിയേഷൻ ഭാരവാഹികൾ  തലമൊട്ടയടിച്ച്‌ പിച്ച ചട്ടിയെടുത്ത്‌  സംസ്‌ഥാനവ്യാപകമായാണ്‌ പ്രതിഷേധിച്ചു. കൊച്ചിയിൽ ചൊവ്വാഴ്ച്ച രാവിലെ 11 ന് പനമ്പിള്ളി നഗർ ഐഒസി ഓഫീസിന് മുന്നിലാണ്‌ പ്രതിഷേധിച്ചത്‌. സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ തലമൊട്ടയടിച്ചു.

ജനജീവിതത്തിന്റെ സമസ്ത മേഖലകളും ഇപ്പോള്‍ വലിയ ദുരിതത്തിലാണ്. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും എല്ലാം കൊണ്ടും ജനം വലയുന്നു.