തിരുവനന്തപുരം:
മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് മെട്രോമാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എൺപത്തിയെട്ടുകാരനായ ഇ ശ്രീധരൻ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലത്തിന്‍റെ അന്തിമപരിശോധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം.
തന്‍റെ വിശ്വാസ്യത തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നാട്ടിൽ നിന്ന് അധികദൂരത്താകരുത്. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല താൻ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്‍റെ പ്രവർത്തനം. ശരീരത്തിന്‍റെ പ്രായമല്ല, മനസ്സിന്‍റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.
https://www.youtube.com/watch?v=_6v1t6JgXC8