Fri. Mar 29th, 2024
കൊൽക്കത്ത:

കൊവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ​കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ നൽകുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ​ചിത്രം പതിക്കുന്നത്​ തിരഞ്ഞെടുപ്പ്​ ചട്ട ലംഘനമെന്ന്​ തൃണമൂൽ കോൺഗ്രസ്​. സ്വന്തം ചിത്രം പതിക്കുക വഴി അധികാര ദുർവിനിയോഗം മാത്രമല്ല, കൊവിഡ്​ രക്ഷാ ദൗത്യത്തിൽ പങ്കാളികളായ മെഡിക്കൽ രംഗത്തുള്ളവരുടെയും മരുന്ന്​ വികസിപ്പിച്ച വിദഗ്​ധരുടെയും ക്രെഡിറ്റ്​ തട്ടിയെടുക്കുകയാണെന്നും രാജ്യസഭയിലെ തൃണമൂൽ നേതാവ്​ ഡെറക്​ ഒ​ബ്രിയൻ കുറ്റപ്പെടുത്തി.

നികുതി ദായകന്‍റെ ചിലവിൽ തിരഞ്ഞെടുപ്പിനിടെ അനാവശ്യ പ്രചാര വേലകൾ നടത്തുന്നത്​ ചട്ട ലംഘനമാണെന്നും തടയണമെന്നും തിരഞ്ഞെടുപ്പ്​ കമ്മീഷന്​ അയച്ച കത്തിൽ തൃണമൂൽ ആവശ്യപ്പെട്ടു. കൊവിഡ്​ വാക്​സിൻ സ്വീകരിക്കുന്നവർക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെതായി നൽകുന്ന സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രവും സന്ദേശവും ഏറെയായി നിലവിലുണ്ടെന്ന്​ ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.

പ്രാഥമിക ഘട്ടത്തിൽ വാക്​സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുൾപ്പെടെയുളളവർക്ക്​ ഇത്​ നൽകിയിരുന്നതായാണ്​ സൂചന.

By Divya