Thu. Apr 25th, 2024
വാഷിങ്ടൻ:

യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു വിഷം നൽകിയതും അന്യായമായി ജയിലിലടച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണിത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുഖ്യ എതിരാളിയായ നവൽനിയെ ജയിലിലടച്ചതിനെതിരെ റഷ്യയിലെങ്ങും വൻ പ്രക്ഷോഭം നടക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ രാസവാതക ആക്രമണത്തിനിരയായ നവൽനി മാസങ്ങളോളം ജർമനിയിൽ ചികിത്സ കഴിഞ്ഞശേഷം ജനുവരിയിൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ജയിലിലടച്ചത്. ജൈവ, രാസ വസ്തുക്കളുണ്ടാക്കുന്ന 14 വ്യവസായങ്ങൾക്കും ചില പ്രമുഖ ഉദ്യോഗസ്ഥർക്കുമെതിരെയാണ് യുഎസ് ഉപരോധം. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ടിട്ടില്ല.

യുഎസ് രേഖകൾ ചോർത്താൻ റഷ്യ നടത്തിയ ശ്രമങ്ങളും ഉപരോധകാരണമായി. റഷ്യൻ ഫെഡറേഷന്റെ അന്വേഷണ സമിതി തലവൻ അലക്സാണ്ടർ ബാസ്ട്രികിൻ, പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവ്, നാഷനൽ ഗാർഡ് തലവൻ വിക്ടർ സൊളട്ടോവ്, ഫെഡറൽ പ്രിസൻ സർവീസ് മേധാവി അലക്സാണ്ടർ കലാഷ്നിക്കോവ് എന്നിവർക്കെതിരെയാണ് യൂറോപ്യൻ യൂണിയൻ ഉപരോധം.

By Divya