തിരുവനന്തപുരം:
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. കൊല്ലത്ത് നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇരവിപുരത്ത് എം നൗഷാദ് തുടരും. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ സ്ഥാനാർത്ഥിയാകും.
ചവറയിൽ അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ മത്സരിപ്പിക്കും പാർട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതിൽ സിപിഎം തീരുമാനമെടുക്കും.മൂന്നു ടേം എന്ന നിബന്ധനയിൽ ഇളവുണ്ടായാൽ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാർത്ഥിയാകും.
പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. റാന്നിയിൽ രാജു എബ്രഹാമിന് ആറാം തവണയും അവസരം നൽകാൻ സെക്രട്ടറിയേറ്റ് നിർദ്ദേശം വന്നു. അതേസമയം ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കും.
സിപിഎം ആവശ്യപ്പെട്ടാൽ കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സംവിധായകനും നടനുമായ രഞ്ജിത് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മന്ത്രി എകെ ബാലൻ ഭാര്യ ഡോ കെ പി ജമീലയെ മത്സരിപ്പിക്കാനുള്ള തീരുമാസനവും ഉണ്ട്. കാസർഗോഡ് സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയായി. തൃക്കരിപ്പുരില്‍ സിറ്റിങ് എംഎല്‍എ എം രാജഗോപാലിനെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, ജയാനന്ദന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
അതേസമയം സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ തർക്കം തുടരുന്നു. ചങ്ങനാശേരിക്ക് പകരം മൂവാറ്റുപുഴയെന്ന കോൺഗ്രസ് ഫോർമുല കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്വീകാര്യമല്ല. ചങ്ങനാശ്ശേരി വിട്ടുകൊടുക്കാനാകില്ലെന്നും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും വിട്ടുവീഴ്ചയാകാമെന്നുമാണ് കേരള കോൺഗ്രസിന്‍റെ നിലപാട്.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. നേമത്ത് മുതിർന്ന നേതാവ് സ്ഥാനാർത്ഥിയാകണമെന്ന ചർച്ചയും യോഗത്തിൽ നടക്കുന്നുണ്ട്. നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ മുരളീധരൻ. താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
നിലവിൽ കേരളത്തിലെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെയാണ് എൻഡിഎ പരിഗണിക്കുന്നത്. എൽഡിഎഫിൽ വി ശിവൻകുട്ടിയുടെ പേരാണ് പ്രധാനമായും സിപിഎം ചർച്ചചെയ്യുന്നത്. മാണി സി കാപ്പൻ മൂന്നു സീറ്റെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ പാലാ മാത്രമേയുള്ളു എന്ന നിലപാടിലാണ് കോൺഗ്രസ്.
കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പിജെ കുര്യൻ, വിഎം സുധീരൻ എന്നിവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായിട്ടുണ്ട്. അസമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. കേരളം ഉൾപ്പടെ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് ഏപ്രിൽ ആറിനാണ്. പന്ത്രണ്ട് മുതലാണ് കേരളത്തിൽ പത്രിക സ്വീകരിച്ചു തുടങ്ങുന്നത്.
https://www.youtube.com/watch?v=zl1LNp9hKek