കോട്ടയം:
നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസം കല്ലറയിലും കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആർപ്പുക്ക സ്വദേശി തോമസാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കർഷക സമിതി പാഡി ഓഫീസ് ഉപരോധിച്ചു. അപ്പർ കുട്ടനാടൻ മേഖലകളായ കല്ലറ,നീണ്ടൂർ,കൈപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണമാണ് വൈകുന്നത്.
നെല്ലിന്റെ ഈർപ്പം അളക്കുന്നതിൽ ഉദ്യോഗസ്ഥർ ശരിയായ മാർഗങ്ങൾ പാലിക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. മില്ലുടമകളെ സഹായിക്കാനാണിതെന്നും ഇവർ പറയുന്നു. പ്രശ്നം പരിഹരിക്കുന്നതിന് നീണ്ടൂരിൽ സുരേഷ് കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടന്നു. ജില്ല കലക്ടറും വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
https://www.youtube.com/watch?v=5nIeBeTF8QI