ന്യൂഡൽഹി:
സമരം ചെയ്യുന്ന കർഷകർക്ക് യുപി സർക്കാർ വെള്ളവും വെളിച്ചവും തടഞ്ഞിട്ടും ഇന്‍റർനെറ്റ് വിച്ഛേദിച്ചിട്ടും പ്രക്ഷോഭം പൂർവാധികം ശക്തിയോടെ ആളിപ്പടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് തൃണമൂൽ എം പി മെഹുവ മൊയ്ത്ര. ‘എന്ത് പറ്റി യോഗിജീ? ജില്ലാ ഭരണകൂടത്തിന് നിങ്ങൾ നൽകിയ ഉത്തരവുകളും നിങ്ങളുടെ ജലപീരങ്കിയും നിങ്ങളുടെ ഇന്‍റർനെറ്റ് നിരോധനവും തോറ്റു പോയോ?’ മൊയ്ത്ര ട്വിറ്റിൽ ചോദിച്ചു.
റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിന് പിന്നാലെയാണ് കർഷക സമരം നടക്കുന്ന സ്ഥലങ്ങളിൽ വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും തടയാൻ യുപി സർക്കാർ ഉത്തരവിട്ടത്. സിംഗുവിലെ സമരഭൂമി ഒഴിപ്പിക്കാൻ പൊലീസിനെയും അർധ സൈനികരെയും നിയോഗിക്കുകയും രാത്രി 11നകം ഒഴിയണമെന്ന് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒഴിയാൻ സന്നദ്ധമല്ലെന്നറിയിച്ച ബികെയു നേതാവ് രാകേഷ് ടിക്കായത്ത് സമരം ശക്തിപ്പെടുത്താൻ അണികളോട് ആഹ്വാനം ചെയ്തു. ഇതോടെ, സമരത്തിൽ അണിനിരക്കാൻ മുസാഫർനഗറിൽ രാത്രി തന്നെ മഹാപഞ്ചായത്ത് വിളിച്ചുചേർക്കുകയും പതിനായിരക്കണക്കിന് കർഷകർ ട്രാക്ടറുകളുമായി എത്തുകയും ചെയ്തു.