കുവൈത്ത് സിറ്റി:
കുവൈത്തിൽ രണ്ടു ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനിക കൊവിഡ് വാക്സിൻ അടുത്തയാഴ്ച എത്തിക്കും. ഓക്സ്ഫഡ് വാക്സിെൻറ കുവൈത്തിലേക്കുള്ള ആദ്യ ഷിപ്മെൻറാവും ഇത്. ഫെബ്രുവരി, മാർച്ച് തുടക്കം എന്നിങ്ങനെയായി എട്ടു ലക്ഷം ഡോസുകൾകൂടി എത്തിക്കും. ഏപ്രിലോടുകൂടി 30 ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനിക വാക്സിൻ കുവൈത്തിൽ എത്തിക്കഴിയുമെന്നാണ് വിലയിരുത്തൽ.
ആദ്യ ബാച്ചായി രണ്ടു ഘട്ടങ്ങളിൽ ഇറക്കുമതി ചെയ്ത ഫൈസർ, ബയോൻടെക് വാക്സിനാണ് രാജ്യനിവാസികൾക്ക് വിതരണം ചെയ്യുന്നത്. ഫൈസർ കമ്പനി സാേങ്കതിക കാരണങ്ങളാൽ ഉൽപാദനം നിർത്തിയത് കുവൈത്തിലെ കുത്തിവെപ്പ് ദൗത്യം മന്ദഗതിയിലാക്കിയിട്ടുണ്ട്. അഹ്മദി, ജഹ്റ എന്നിവിടങ്ങളിൽ കൂടി കുത്തിവെപ്പുകേന്ദ്രങ്ങൾ ആരംഭിച്ച് ദൗത്യം വേഗത്തിലാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധമാണെങ്കിലും വാക്സിൻ വേണ്ടത്ര എത്താത്തതാണ് തടസ്സം.